പത്തനംതിട്ട: കെ.എസ്.ഇ.ബി യുടെ നിയന്ത്രണത്തിലുള്ള ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജനറേറ്റർ തകരാറിലായി. അഞ്ചാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനമാണ് നിലച്ചത്. 175 മെഗാവാട്ടിന്റെ വൈദ്യുതി ഉൽപാദനത്തിൽ തടസം നേരിടാൻ സാദ്ധ്യതയുണ്ട്. ജനറേറ്ററിന്റെ വൈൻഡിംഗിൽ തേയ്മാനം ഉണ്ടായതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. 55 മെഗാവാട്ട് വൈദ്യുതി ഉൽപാദനം കൂടി ഈ സാഹചര്യത്തിൽ കുറയും. മുമ്പ് നാല്, ആറ് നമ്പർ ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.