timber-

കോന്നി: ഒന്നാന്തരം തടി വേണോ? അരുവാപ്പുലത്തേക്ക് വരൂ . വനംവകുപ്പിന്റെ അരുവാപ്പുലം തടിഡിപ്പോ സംസ്ഥാനത്തു തന്നെ ഒന്നാമതാണ്. ലേലത്തിലൂടെ കോടികളാണ് വരുമാനം. കോന്നി- അച്ചൻകോവിൽ റോഡരികിലാണ് ഡിപ്പോ.

വനംവകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലുതാണ് അരുവാപ്പുലം. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867 ലാണ് കോന്നിയിലും മലയാറ്റൂരും തേക്കു പ്ലാന്റേഷനുകൾ തുടങ്ങുന്നത്. 1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവാണ് ഇവിടെ തേക്കുതോട്ടങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. നിലമ്പൂരിലെ തേക്കുതോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്റെ നേതൃത്വത്തിലാണ് മതൈകൾ വച്ചുപിടിപ്പിച്ചത്. പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ. മാസത്തിൽ രണ്ട് ലേലമുണ്ടാകും.

വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുൻപ് നട്ട തേക്കുകളാണ് തീർത്തുവെട്ട് നടത്തുന്നത്. സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ ഇ ലേലമാണ്. കോന്നി , മണ്ണാറപ്പാറ, നടുവത്തുമുഴിറേഞ്ചുകളിലെ തടികളാണ് ലേലത്തിനായി എത്തുന്നത്. മുൻപ് തടികൾ അട്ടിവച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവയ്ക്കുന്നത്. 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നുണ്ട്.

ചന്ദനവും കിട്ടും

ഡിപ്പോയുടെ സമീപത്തായി വനംവകുപ്പിന്റെ ചന്ദന വിൽപ്പന കേന്ദ്രവുമുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം ചന്ദനത്തിന്റെ വിൽപന കുറഞ്ഞെങ്കിലും പിന്നീട് വർദ്ധിച്ചു. മറയൂരിൽ നിന്നാണ് ചന്ദനത്തടികൾ എത്തിക്കുന്നത്. സംസ്ഥാനത്ത് കുളത്തൂപ്പുഴ, വീട്ടൂർ, കണ്ണോത്ത്, ചാലിയം, പരപ്പ, അരുവാപ്പുലം എന്നീ 6 ഡിപ്പോകളിലാണ് ചന്ദനമുട്ടികളുടെ വിൽപ്പന വനം വകുപ്പ് നടത്തുന്നത്.

ലേലത്തിനുള്ള തടികൾ

തേക്ക്

ഇരുൾ

തേമ്പാവ്

മരുതി

ഉറവ്

കഴിഞ്ഞ മാസം ലേലം നടന്നത് - 1 കോടിക്ക് മുകളിൽ