മണക്കാല : താഴത്തുമൺ ജംഗ്ഷനിലെ കലുങ്ക് പൊളിച്ചു പണിയാൻ 63.77 ലക്ഷം അനുവദിച്ചു. ദേശീയ പാത 183 എയിൽ മണക്കാല താഴത്തുമൺ ജംഗ്ഷന് സമീപം ഭാഗിക ശ്രവണ വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടക്കുഴി സംബന്ധിച്ച് ഏപ്രിൽ 29ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. റോഡിൽ നിന്ന് കൈത്തോട്ടിലേക്ക് 20അടി താഴ്ചയുണ്ട്. ഈ ഭാഗത്ത് കൈവരിയോ അപകട സൂചനാ ബോർഡുകളോ ഇല്ല. പെട്ടെന്ന് അപകടപെടാനുള്ള സാദ്ധ്യത കൂടുതലാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് താൽകാലികമായി അപകട സൂചന നൽകാൻ വീപ്പ കൊണ്ട് സംരക്ഷണവേലി തീർത്തിരുന്നു. തുടർന്നാണ് ഇവിടുത്തെ കലുങ്ക് തന്നെ പൊളിച്ചു പണിയാൻ ഹൈവെ അധികൃതർ തീരുമാനിച്ചത്. ഇവിടെ റോഡും ഇടിഞ്ഞുതാണു തുടങ്ങിയിരുന്നു. ടിപ്പർ ലോറികൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. മഴ മാറിയാൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു.