
നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂൾ ബസുകൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പരിചയവും വേണം. കുറ്റകൃത്യത്തിലേർപ്പെട്ട് ലൈസൻസ് സസ്‌പെൻഡ് ചെയ്തവർ ആവരുത്. സ്പീഡ് ഗവർണർ, ജി.പി.എസ് എന്നിവ വാഹനത്തിൽ പ്രവർത്തിപ്പിച്ചിട്ടുണ്ടാവണം. കുട്ടികളെ വാഹനത്തിൽ നിറുത്തിക്കൊണ്ട് പോകരുത്. 12 വയസിൽ താഴെയുളള കുട്ടികൾക്ക് മാത്രം രണ്ടു പേർക്ക് ഒരു സീറ്റ് നൽകാം. വാഹനങ്ങളിൽ കൂളിംഗ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. സുരക്ഷാവാതിൽ, ഫസ്റ്റ്എയ്ഡ് ബോക്‌സ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂൾ ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ സർവീസ് നടത്താൻ പാടില്ല. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോർ അറ്റൻഡർമാർ വേണം. ആയമാർ റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ സഹായിക്കണം. റൂട്ട് ഓഫീസറായി അദ്ധ്യാപകരെയോ ജീവനക്കാരെയോ നിയോഗിക്കണം. വാഹനത്തിന്റെ മുന്നിലും പുറകിലും ഇ.ഐ.ബി എന്നു വ്യക്തമായി രേഖപ്പെടുത്തണം.
സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരു വശങ്ങളിലും രേഖപ്പെടുത്തണം. പിന്നിൽ ചൈൽഡ് ഹെൽപ്പ് ലൈൻ 1098, പോലീസ് 112, ആംബുലൻസ് 108, ഫയർഫോഴ്‌സ് 101 നമ്പരുകൾ രേഖപ്പെടുത്തണം.
സ്‌കൂൾ കുട്ടികളെ കൊണ്ടു പോകുന്ന ഇതര വാഹനങ്ങൾ വെളളബോർഡിൽ നീല അക്ഷരത്തിൽ ഓൺസ്‌കൂൾഡ്യൂട്ടി എന്ന് മുന്നിലും പിന്നിലും പ്രദർശിപ്പിക്കണം.
'' ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ ബസുകൾക്കായി 25ന് മോട്ടോർവാഹനവകുപ്പ് ജില്ലയിലുടനീളം സർട്ടിഫിക്കറ്റ് നൽകുന്നതിന് പ്രത്യേക വാഹന പരിശോധന നടത്തും. എല്ലാ സ്‌കൂൾ വാഹനങ്ങളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും
എ.കെ ദിലു, പത്തനംതിട്ട ആർ.ടി.ഒ