palam-
മഴയിൽ പാലത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടും വശങ്ങളിൽ കിളിർത്തു നിൽക്കുന്ന കാടും

റാന്നി : അത്തിക്കയം വലിയപാലത്തിലെ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പാലത്തിന്റെ ഇരു വശങ്ങളിലിൽ വൻതോതിൽ കാട് കിളിർത്തു നിൽക്കുന്നതിനാൽ ഓവിലൂടെ വെള്ളം ഒലിച്ചു പോകാത്തതാണ് വെള്ളം കെട്ടിനിൽക്കാൻ കാരണം. ഇതുമൂലം ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. വർഷത്തിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടോ പാലം പെയിന്റ് ചെയ്യുന്നതുമായോ ബന്ധപ്പെട്ട് മാത്രമാണ് പാലത്തിൽ കിളിർത്തു നിൽക്കുന്ന കാടുകൾ നീക്കം ചെയ്യുന്നത്. എന്നാൽ എല്ലാ മഴക്കാലത്തും സ്ഥിരമായി ഉണ്ടാകുന്ന പ്രശനം മനസിലാക്കി പരിഹരിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. കാൽനട യാത്രക്കാർ പാലത്തിലൂടെ നടന്നു പോകുമ്പോഴും ഇരുചക്ര വാഹനങ്ങൾ കടന്നു പോകുമ്പോഴും വലിയ വാഹനങ്ങൾ ശ്രദ്ധിക്കാതെ പലപ്പോഴും ആളുകളുടെ ദേഹത്ത് വെള്ളം തെറിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങളിലേക്കും വഴി വയ്ക്കുന്നത് പതിവു കാഴ്ചയാണ്. വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതിനാൽ പാലത്തിന്റെ ഇരു വശങ്ങളിലൂടെയും കാൽനട യാത്രയും ദുഷ്കരമാണ്. നടക്കുന്നവരാവട്ടെ റോഡിലേക്ക് കയറി നടക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. അടിയന്തരമായി പാലത്തിലെ കാട് നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.