
പത്തനംതിട്ട : ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചേറാട് ലക്ഷംവീട് കോളനിയിൽ. മലയാലപ്പുഴ പഞ്ചായത്തിലെ 14 -ാം വാർഡിലെ കോളനിയിൽ ഇനിയും വികസനം എത്തിയിട്ടില്ല. 1973 ലാണ് വീടുകൾ പണിതത്. 74 ൽ ലക്ഷംവീട് കോളനിയായി കൈമാറ്റം ചെയ്തു. മൺകട്ടയും വെട്ടുകല്ലും കൊണ്ട് പണിതതാണ് വീടുകൾ. പത്ത് വർഷത്തിന് മുമ്പ് ഇ.എം.എസ് ഭവന പദ്ധതിയിൽ അഞ്ച് കുടുംബങ്ങൾക്ക് പുതിയ വീട് നൽകി. മറ്റുള്ളവർ ഇപ്പോഴും പഴയ വീട്ടിലാണ്. മേൽക്കൂരയിലെ ഓട് തകർന്നതിനാൽ മുകളിൽ ടാർപ്പോളിൻ വിരിച്ചിരിക്കുകയാണ്. 20 വീടുകളുണ്ട്. രോഗികളും നിരാലംബരുമാണ് മിക്കവരും
മാസങ്ങളായി കാൻസർ രോഗിയായി ചികിത്സയിലാണ് എൺപത്തെട്ടുകാരനായ ദാമോദരൻ.ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വയാണ് പലതും. മഴതുടങ്ങിയാൽ വീട് ചോരും. . വീട് താഴെ വീഴുമോയെന്ന ഭീതികാരണം ഉറങ്ങാൻ പോലും കഴിയില്ലെന്ന് ദാമോദരൻ പറയുന്നു. ഏകമകൻ പ്യാരിലാലിന്റെ വരുമാനത്തിലാണ് ജീവിക്കുന്നത്. മകനും കുടുംബവും വീട്ടിലുണ്ട്.
ഹൃദയ സംബന്ധമായ രോഗമുള്ള വിധവയായ തങ്കമ്മ, മൂന്ന് മക്കളുമായി ജീവിക്കുന്ന ഹബീബ എന്നിവർക്കെല്ലാം സമാനമായ ജീവിത സാഹചര്യങ്ങളാണുള്ളത്. കൂലിപ്പണിയാണ് ഇവിടെയുള്ള ഭൂരിഭാഗം ആളുകളുടേയും വരുമാനമാർഗം.. ഇം.എം.എസ് പദ്ധതി, ലൈഫ് മിഷൻ പദ്ധതി തുടങ്ങിയവയുടെ പ്രയോജനം കോളനി വാസികൾക്ക് ലഭിച്ചിട്ടില്ല.
മുൻ കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി ദുരിതം നേരിട്ടുകണ്ട് മനസിലാക്കിയതാണ്. പക്ഷേ സഹായമുണ്ടായില്ല.
-----------------------
" ലൈഫ് മിഷൻ പദ്ധതിയിൽ ഈ വർഷം ഇവിടെയുള്ളവരുടെ പേരുകൾ ഉണ്ട്. വേരിഫിക്കേഷനും നടത്തിയിരുന്നു. അവസാന ലിസ്റ്റിൽ എത്ര പേർ വരുമെന്ന് അറിയില്ല. എന്തുകൊണ്ടാണ് മുൻവർഷങ്ങളിൽ ലിസ്റ്റിൽ എത്താത്തത് എന്നറിയില്ല. "
ആശാ കുമാരി
(വാർഡ് മെമ്പർ)
------------------------------
ഹൗസിംഗ് ബോർഡാണ് ചേറാട് കോളനിയിലെ വീട് വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നാണ് ഗ്രാമസഭയിൽ
അധികൃതർ പറഞ്ഞത്. ഇതുവരെ ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും കോളനിക്കാർക്ക് ലഭിച്ചിട്ടില്ല.
പ്യാരിലാൽ
(ചേറാട് കോളനി നിവാസി)