റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.ഈ മാസം അവസാനത്തോടെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറും.കിഫ്ബി പദ്ധതിയിൽ 3.27 കോടി രൂപ ചെലവിലാണ് മൂന്നുനില കെട്ടിടം നിർമ്മിച്ചത്. എല്ലാ പണികളും കഴിഞ്ഞതിനാൽ വരുന്ന അദ്ധ്യയന വർഷം ഇവിടെ ക്ളാസുകൾ ആരംഭിക്കാൻ കഴിയും. ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രൗണ്ട് ഫ്‌ളോറിൽ നാല് ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംങ് ഹാൾ,സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയുണ്ട്. ഒന്നാം നിലയിൽ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫീസും സ്റ്റാഫ് മുറികളും ടോയ്ലറ്റുകളുമാണ്. രണ്ടാം നിലയിൽ അഞ്ച് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ട്. ഇതിൽ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗൺസലിങ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടിക്കെട്ടുകൾ, അംഗപരിമിതർക്കായുള്ള ടോയ്ലറ്റ് , റാമ്പ് എന്നിവയുണ്ട്. സ്‌കൂൾ മുറ്റത്ത് തറയോടു പാകിയിട്ടുണ്ട്.. ചുറ്റുമതിൽ നിർമ്മാണവും ഔഷധ സസ്യ ഉദ്യാന നിർമ്മാണവും ഉടൻ ആരംഭിക്കും.പ്രീപ്രൈമറി കുട്ടികൾക്കായി കളി സ്ഥലങ്ങളും പാർക്കും നിർമ്മിക്കുന്ന ജോലികൾ നടന്നു വരുന്നു. മികച്ച പഠനനിലവാരമുള്ള സ്കൂളാണിത്.