cleaning

പത്തനംതിട്ട : മഴക്കാല പൂർവശുചീകരണത്തിന്റേയും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനത്തിന്റെയും ഭാഗമായി ജില്ലയിൽ ഇന്ന് ഡ്രൈഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് പറഞ്ഞു. ജില്ലാ ആരോഗ്യ ജാഗ്രത യോഗത്തിൽ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ തുറക്കുന്നതിനു മുൻപ് സ്‌കൂളുകളിൽ പരിശോധന നടത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വാർഡുതല സാനിറ്റേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. പഞ്ചായത്ത്, ബ്ലോക്ക്, മണ്ഡല അടിസ്ഥാനത്തിൽ മോണിറ്ററിംഗ് നടപ്പാക്കും. പഞ്ചായത്തുതല മോണിറ്ററിംഗ് ഇന്ന് യോഗം ചേരും. ബ്ലോക്കുതല മോണിറ്ററിംഗ് ഈ മാസം 23, 24 തീയതികളിൽ നടക്കും.
മണ്ഡലതല മോണിറ്ററിംഗ് 25, 26 തീയതികളിലും നടത്തും. ആരോഗ്യജാഗ്രതാ കലണ്ടർ പ്രകാരം എല്ലാവരും പ്രവർത്തിക്കണം. ശുചീകരണ പ്രവർത്തനം ശരിയായി നടന്നില്ലെങ്കിൽ ജില്ലയിൽ ഡങ്കിപ്പനി, എലിപ്പനി രോഗം കൂടാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ ഡെങ്കിപ്പനിയേക്കാൾ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കണം. ഡോക്‌സി സൈക്ലിൻ ഗുളിക എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. റാന്നി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പ്രശ്‌നം കളക്ടർ ഇടപെട്ട് വേഗത്തിൽ പരിഹരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.