market-
കോന്നി നാരായണപുരം മാർക്കറ്റിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്യോഗസ്ഥരൊപ്പം സന്ദർശനം നടത്തുന്നു

കോന്നി : നാരായണപുരം ചന്തയിൽ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നു കെ.യു ജനീഷ് കുമാർ എം.എൽ.എ. ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം മാർക്കറ്റിനുള്ളിൽ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാണെന്ന് എം എൽ.എ യോഗത്തിൽ പറഞ്ഞു. എന്നാൽ യോഗത്തിൽ പങ്കെടുത്ത കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി പറയണമെന്ന് നിർദ്ദേശിച്ചപ്പോൾ മാർക്കറ്റിൽ ഇപ്പോൾ മാലിന്യം ഇല്ലെന്നും അത് നീക്കം ചെയ്തു എന്നുമാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്. എം.എൽ.എ അരമണിക്കൂറിനകം മാർക്കറ്റിൽ എത്തിച്ചേരുമെന്നും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് മാർക്കറ്റിലുടനെ എത്തിച്ചേരണമെന്നും നിർദ്ദേശിച്ചു. തുടർന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എയും ഡി.ഡി.പി.കെ ആർ.സുരേഷ്, കോന്നി പഞ്ചായത്ത് സെക്രട്ടറി ജയബാലൻ എന്നിവരടങ്ങുന്ന സംഘം മാർക്കറ്റിൽ എത്തി. മാർക്കറ്റിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിലുള്ള മാലിന്യക്കൂമ്പാരമാണ് ഇവരെ വരവേറ്റത്. ദുർഗന്ധം കാരണം മാർക്കറ്റിന് പലഭാഗങ്ങളിലും ഇവർക്ക് എത്തിച്ചേരാൻ സാധിച്ചില്ല. മാർക്കറ്റിലെ വിവിധഭാഗങ്ങളിലായി നിർമ്മിച്ചിട്ടുള്ള ടോയ്‌ലറ്റുകളും പ്രവർത്തനക്ഷമമല്ല. തെരുവ് നായ്ക്കളും കൊതുകുകളും ഇഴ ജന്തുക്കളും ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് മാർക്കറ്റിനുള്ളിൽ.