കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലേക്ക് ബസ് സർവീസില്ലാത്തത് പുതിയ അദ്ധ്യയന വർഷത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ദുരിതമാകും. തണ്ണിത്തോട് പഞ്ചായത്തിലെ ഒരു വാർഡിലുൾപ്പെടുന്ന വനന്തര ഗ്രാമമായ മണ്ണീറയിൽ 500 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ വിദ്യാർത്ഥികൾ രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നാണ് കോന്നി തണ്ണിത്തോട് റോഡിലെ മുണ്ടുമുഴിയിലെത്തി കോന്നിയിലെയും പത്തനംതിട്ടയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ബസ് കയറിപോകുന്നതും തിരികെ വരുന്നതും. മുൻപ് മണ്ണിറയിലേക്ക് കോന്നിയിൽ നിന്നും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ ടി.സി ബസ് സർവീസ് നിലച്ചു. പ്രദേശത്തെ ജനങ്ങൾ മിക്ക ആവശ്യങ്ങൾക്കും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. കോന്നി, പത്തനംതിട്ട, തേക്കുതോട്, എലിമുള്ളംപ്ലാക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന മണ്ണീറയിലെ വിദ്യാർത്ഥികൾ വനത്തിലൂടെ രണ്ടര കിലോമീറ്റർ നടന്ന് മുണ്ടോമൂഴിയിലെത്തി പോകുന്നതും തിരികെ വരുന്നതും അപകടങ്ങൾ വരുത്തി ‌വയ്ക്കാൻ സാദ്ധ്യത ഏറെയാണ്. മുണ്ടോമൂഴി -മണ്ണിറ റോഡിൽ പലപ്പോഴും വന്യമൃഗങ്ങളും ഇറങ്ങുന്നത് പതിവാണ്. വൈകിട്ട് വൈകിവരുന്ന വിദ്യാർത്ഥികൾ ഭയപ്പാടോടെയാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.

വേണ്ടത്

പത്തനംതിട്ടയിൽ നിന്നും കോന്നി, തണ്ണിത്തോട് വഴി കരുമാൻതോടിനു സർവീസ് നടത്തുന്ന സ്വകര്യ ബസുകളിൽ ഒരെണ്ണം രാവിലെയും വൈകിട്ടും രണ്ടു ട്രിപ്പുകൾ മണ്ണിറയിലെത്തി തിരികെ പോയാൽ പ്രദേശത്തെ ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാവും.

,........................................

-മണ്ണീറയിൽ 500 കുടുംബങ്ങൾ

-വിദ്യാർത്ഥികൾ രണ്ടര കി.മീറ്റർ വനത്തിലൂടെ നടക്കണം

-പ്രദേശവാസികൾ മിക്ക ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെ