തിരുവല്ല: വേനൽമഴയും വെള്ളപ്പൊക്കവും കാരണം ദുരിതത്തിലായ കർഷകരെ സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുടമകൾ കബളിപ്പിക്കുന്നതായി പരാതി. പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി പാടത്തെ കർഷകരോടാണ് നെല്ലിന്റെ ഈർപ്പം കൂടുതലാണെന്ന് പറഞ്ഞ് മില്ലുകാർ കൂടുതൽ പണം ഇൗടാക്കുന്നത്. വേനൽമഴയെ തുടർന്ന് കുറെ നെല്ല് വീണുപോയി കർഷകർക്ക് നഷ്ടം സംഭവിച്ചിരുന്നു. ബാക്കിയുള്ള നെല്ല് യന്ത്രസഹായത്തോടെ കൊയ്തെടുത്തു. ഈർപ്പം തട്ടാതെയാണ് കർഷകർ സൂക്ഷിച്ചത്. നെല്ല് പരിശോധിച്ചുറപ്പിച്ചാണ് മില്ലുകാർ കർഷകരുമായി ധാരണയായത്. പിന്നീട് നെല്ലിൽ പതിരുണ്ടെന്ന് പറഞ്ഞ് കിന്റലിന് രണ്ടുകിലോ വീതം കുറച്ചു. ഉണങ്ങിയ നെല്ലിൽ ഈർപ്പമുണ്ടെന്ന് പിന്നീട് പറഞ്ഞ് ഒരുകിലോ കൂടി കുറച്ചു. ഇതോടെ മൂന്ന് കിലോയുടെ കുറവാണ് കർഷകർക്കുണ്ടായത്. മഴമൂലം ഇത്തവണ ഹെക്ടറിൽ 12 കിന്റലിൽ താഴെ മാത്രമാണ് വിളവ് ലഭിച്ചത്. വിളവ് കുറഞ്ഞതിനൊപ്പം പാട്ടക്കൂലിയും ഭാരിച്ച യന്ത്രക്കൂലിയും മറ്റു ചെലവുകളുമായി കർഷകർക്ക് നഷ്ടമേറെയാണ്. നെല്ല് കൊയ്തെടുത്തതിനാൽ ഇൻഷുറൻസ് തുകയും ലഭിക്കില്ല. ഇതുകാരണം മിക്ക കർഷകരും കടക്കെണിയിലാണ്. കർഷകരുടെ പരാതി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. .