പത്തനംതിട്ട: കുഴിയിൽ പുതഞ്ഞ തടി ലോറി ജെ.സി.ബി ഉപയോഗിച്ച് കയറ്റുന്നതിനിടയിൽ റോഡ് ഗതാഗതം തടസപ്പെട്ടത് ചോദ്യം ചെയ്ത പൊലീസുകാരന് മർദ്ദനം. പെരുനാട് കിഴക്കേ മാമ്പാറ കണ്ടംകുളത്താണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന പെരുനാട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ അനിൽ കുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അത്തിക്കയം സ്വദേശികളായ അലക്‌സ്(40), സച്ചിൻ(25) എന്നിവർ അറസ്റ്റിലായി. പരിക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയിൽ തടികയറ്റി വന്ന മറ്റൊരു ലോറി ഇവരുടെ ജെ.സി.ബി ഉപയോഗിച്ച് കുഴിയിൽ നിന്നും കയറ്റുകയായിരുന്നു. തന്റെ വാഹനത്തിന് കടന്നുപോകാൻ പറ്റാതെ വന്നതോടെ തടിലോറി മാറ്റണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. താമസം നേരിട്ടതിനെത്തുടർന്നു ഇദ്ദേഹം അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുളള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പ്രതികൾ ആരോപിക്കുന്നു. പൊലീസ് എത്തിയാണ് അനിൽ കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം റാന്നി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.