പന്തളം: കുരമ്പാല - പൂഴിക്കാട്- വലക്കടവ്, മുട്ടാർറോഡ് തകർന്നു തരിപ്പണമായി. കഴിഞ്ഞ ബഡ്ജറ്റിൽ അഞ്ചു കോടി ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികളിൽ എത്തിയതാണ്. എന്നാൽ റോഡ്തകർന്ന് നാളുകളായിട്ടും അധികൃതർയാതൊരു നടപടിയും എടുത്തിട്ടില്ല. കരാർ ഏറ്റെടുക്കാൻ ആളിലെന്നാണ് അധികൃതരുടെ വാദം. എം.സി റോഡിൽ കുരമ്പാല ആലുംമൂട്ടിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തവളംകുളം, പൂഴിക്കാട് സ്‌കൂൾ ജംഗ്ഷൻ, വലക്കടവ് വഴി പന്തളം - മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിൽ എത്തുന്നതാണ് റോഡ്. ഏഴുവർഷം മുമ്പ് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും അനുവദിച്ച് രണ്ടുകോടി മുടക്കി പുനരുദ്ധാരണം നടത്തിയെങ്കിലും ഉദ്ഘാടനത്തിനു മുമ്പ് തന്നെ റോഡിന്റെ പല ഭാഗങ്ങളും തകർന്നു. പലഭാഗങ്ങളിലും ഓടകൾ നിർമ്മിച്ചിട്ടില്ല. മഴക്കാലത്ത് പൊയ്ക കാരണം വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ റോഡിന്റെ ഉപരിതലം ഉയർത്തിയതുമില്ല. നിലവിലുള്ള ഓടയും കലുങ്കുകളും നികത്തി റോഡ് നിർമ്മിച്ചതും, അമിത ലോഡുകയറ്റിയ ടിപ്പറുകളുടെ പാച്ചിലും റോഡിന്റെ തകർച്ചക്ക് കാരണമായി.
ബൈപാസായി മാറ്റാൻ കഴിയുന്ന റോഡ്
നിർമ്മാണത്തിലെ അപാകതകൾ അന്ന് പ്രദേശവാസികൾ ചൂണ്ടി കാണിച്ചപ്പോൾ കരാറുകരെയും ,ജീവനക്കാരെയും സഹായിക്കുന്ന സമീപനമാണ് ജനപ്രതിനിധികൾ അടക്കം അന്ന് സ്വീകരിച്ചത്. ദിനം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതും വയറപുഴ പാലം നിർമ്മിച്ചു കഴിഞ്ഞാൽ എം.സി റോഡിനു സമാന്തരമായി ബൈപാസായി മാറ്റാൻ കഴിയുന്നതാണ് ഈ റോഡ്. കുരമ്പാലയിൽ നിന്ന് ആരംഭിച്ച് പൂഴിക്കാട് -വയറപ്പുഴ ഞെട്ടൂരിലൂടെ എം.സി റോഡിൽ മാന്തുകയിൽ എത്താൻ കഴിയും. അതോടെ പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും ഒരുപരിധിവരെ പരിഹാരമാക്കും. കുടശനാട് മേഖലയിലുള്ളവർക്ക് കുരമ്പാല ,അടൂർ - തട്ട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ഇത് എളുപ്പവഴിയാണ്. ഈ മേഖലകളിലുള്ളവർ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിനും ആശ്രയിക്കുന്ന റോഡാണിത്.
അപകടങ്ങൾ പതിവ്
ഇരുചക്രവാഹനയാത്രക്കാർ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നതും പതിവാണ്. ഓട്ടോക്കാരെ വിളിച്ചാൽ ഓട്ടംപോകാൻ അവരും തയാറാകുന്നില്ല. കായംകുളം മേഖലകളിലേക്കും മറ്റും പോകുന്നതിന്ന് തവളംകുളം നിവാസികൾ എം.സി റേഡിൽ എത്തി എം.എം ജംഗ്ഷൻ പൂഴിക്കാട് വഴി കിലോമിറ്ററുകൾ അധികം യാത്ര ചെയ്താണ് പോകുന്നത്.