കോന്നി: പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ഏരിയാ സെക്രട്ടറിയെയും ഏരിയാകമ്മിറ്രി അംഗത്തെയും പൊലീസുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി.

കല്ലേലി സ്വദേശികളായ അയൽവാസികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതു സംബന്ധിച്ച് കോന്നി സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. ഇവർ ഇന്നലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് കേസിലെ കക്ഷിയായ വിൽസൻ സി.പി.എം കോന്നി എരിയാ കമ്മിറ്റി ഓഫീസിലെത്തി സഹായം ആവശ്യപ്പെട്ടു. എരിയ സെക്രട്ടറി ശ്യാംലാൽ ഫോണിൽ സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‍നം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയെങ്കിലും സ്റ്റേഷനിലെത്തിയ വിൽസനെ മർദ്ദിച്ചതായി പറയുന്നു. വിവരമറിഞ്ഞെത്തിയ ശ്യാംലാലിനെയും ഏരിയ കമ്മിറ്റി അംഗം എം. എസ് .ഗോപിനാഥനെയും രണ്ടു പൊലീസുകാർ പിടിച്ചു തള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി . തുടർന്ന്.കെ യു ജനീഷ് എം.എൽ.എ, ഡിവൈ.എസ്.പി ബൈജുകുമാർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലൈയിന്റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് എരിയ കമ്മിറ്റി അറിയിച്ചു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു.