പന്തളം: കട കുത്തിത്തുറന്നു 350 കിലോയോളം റബർഷീറ്റ് മോഷ്ടിച്ചു. എം.സി റോഡിൽ പറന്തൽ കതോലിക്കാ പള്ളിക്കെതിർവശത്തുള്ള പറന്തൽതടത്തിൽ ഷിബു ഫിലിപ്പിന്റെ തടത്തിൽ റബർ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു.
കഴിഞ്ഞ അഞ്ചിനും ഇവിടെ മോഷണം നടന്നിരുന്നു. അന്നു കടയുടെ വശത്തുള്ള കതകുപൊളിച്ച് അകത്തുകയറി 800 കിലോ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷ്ടിച്ചിരുന്നു. കടയുടെ സമീപം താമസിക്കുന്ന ദിനേശ് എന്നയാളുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ മോഷ്ടിച്ചതിനു ശേഷമാണ് 5ന് മോഷണം നടത്തിയത്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു .