കോന്നി: താബോർമല- മുറിഞ്ഞകല്ല് ഇടവഴി സംരക്ഷിക്കണമെന്ന് നാട്ടുകാർ. കലഞ്ഞൂർ പഞ്ചായത്തിൽ ഒരുകിലോമീറ്റർ ദൂരമുള്ള നടപ്പാതയ്ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഗതാഗത സൗകര്യം പരിമിതമായ കാലത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ നെൽവയലിലൂടെയുള്ള ഇൗ വഴി ഉപയോഗിച്ചിരുന്നു. നെൽകൃഷി ഉണ്ടായിരുന്നപ്പോൾ എല്ലാവർഷവും വശങ്ങൾ കെട്ടി ബലപ്പെടുത്തി സംരക്ഷിച്ചിരുന്നു. നെൽകൃഷി ഇല്ലാതായതോടെയാണ് വഴി നശിച്ചത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി ഒരു വശം തോടായ പാതയുടെ പല ഭാഗങ്ങളും കാടുകയറി. കൊടുമൺ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം നേരത്തെ ഇതുവഴിയാണ് പോയിരുന്നത്. താബോർമല, കരിക്കുടുക്ക തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ വേഗത്തിൽ മുറിഞ്ഞകല്ലിൽ എത്തിച്ചേരാനായി ഈ പാത വർഷങ്ങളായി ഉപയോഗിച്ചിരുന്നു. കാടുകയറി ഇതുവഴി യാത്ര മുടങ്ങിയതോടെ ജനങ്ങൾ ഓട്ടോറിക്ഷയിൽ ഒന്നര കിലോമീറ്റർ ചുറ്റിത്തിരിഞ്ഞാണ് മുറിഞ്ഞകല്ലിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോകുന്നത്. നടപ്പാത സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു നൂറ്റാണ്ടായി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന നടപ്പാതയാണിത്. സഞ്ചാര യോഗ്യമാക്കാൻ
നടപടി സ്വീകരിക്കണം.
പി.കെ. വിശ്വംഭരൻ
കലുങ്കുംവാതുക്കൽ, മുറിഞ്ഞകല്ല്.
------------
താബോർമല- മുറിഞ്ഞകല്ല് ഇടവഴി കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ