153 കിലോ മാംസം പിടിച്ചെടുത്തു
പത്തനംതിട്ട: നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നെന്ന പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് വിഭാഗം നടത്തിയ റെയ്ഡിൽ 150കിലോ മാംസം പിടിച്ചെടുത്തു. കുറേ വർഷങ്ങളായി നഗരത്തിൽ കശാപ്പുശാല പ്രവർത്തിച്ചിരുന്നില്ല. പുതിയ നഗരസഭാ ഭരണ സമിതി ചുമതലയേറ്റതോടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടി കഴിഞ്ഞമാസം അറവുശാല പ്രവർത്തനം ആരംഭിച്ചിരുന്നു. മൃഗങ്ങളെ ഇവിടെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടരുകയായിരുന്നു. അറവ് മാലിന്യങ്ങൾ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് നടപടി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീസ് പി. മുഹമ്മദ്, ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു തുടങ്ങിയ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിൽ അനധികൃത കശാപ്പ് അനുവദിക്കില്ലെന്നും അത്തരം കേന്ദ്രങ്ങൾ പൂട്ടി സീൽ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.