പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട്നടത്തിയവരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് 27ന് പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് ബി.ജെ.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സഹായത്തോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറിയും ചില ജീവനക്കാരും ചേർന്ന് 100 കോടിയിലധികം തുകയുടെ അഴിമതിയാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി സമരം നടത്തിവരികയാണ്. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6വരെ മൈലപ്ര പഞ്ചായത്ത് പരിധിക്കുള്ളിലാണ് ഹർത്താൽ. വാർത്താസമ്മേളനത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാനന്ദൻ നായർ, സമരസമിതി ജോയിന്റ് കൺവീനർ ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറി ബി.അഭിലാഷ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഖിൽ എസ്.പണിക്കർ, കർഷകമോർച്ച ജില്ലാ ട്രഷറർ വിജയകുമാർ എന്നിവർ പങ്കെടുത്തു.