ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ വ്യാപകമായ തോതിൽ നടന്നുവന്നിരുന്ന മണ്ണെടുപ്പ് പൂർണമായി നിരോധിക്കണമെന്ന താലൂക്ക് വികസന സമിതി തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി ചെങ്ങന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മേയ് 7ന് നടന്ന താലൂക്കു വികസന സമിതി യോഗത്തിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ 10 കേന്ദ്രങ്ങളിൽ നിന്നും പാസിൽ അനുവദിച്ചു നൽകിയ അളവിനെക്കാൾ കൂടുതൽ മണ്ണ് എടുത്തു മാറ്റിയതായി തഹസിൽദാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് പൂർണമായും നിരോധിക്കുവാനും കടുതലായി എടുത്തു മാറ്റിയ മണ്ണിന് റോയൽറ്റിയും പിഴയും ഈടാക്കുവാനും തീരുമാനിച്ചത്. പരിസ്ഥിതി സംരക്ഷണ യോഗത്തിൽ ടി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ഹരികുമാർ ശിവാലയം, ജിജി പുന്തല, മധു ചെങ്ങന്നൂർ, അഡ്വ.രാജേഷ്, സുധാകുമാർ, ഷബീർ അബാസ്, സോമേഷ് ചെന്നിത്തല, സുരേഷ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളായ ജിജി പുന്തല പ്രസിഡന്റ്, ഹരികുമാർ ശിവാലയം ജനറൽ സെക്രട്ടറി.സുധാകുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.