കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രധാന ഗേറ്റിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാത വാഹനം ഇടിച്ചു തകർത്തിട്ട് ഒരു വർഷത്തോളമാകുന്നു. കഴിഞ്ഞ വർഷം ജൂണിൽ തകർന്ന കാത്തിരിപ്പ് കേന്ദ്രം ഇതുവരെ പുനർനിർമ്മിക്കാനായില്ല. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഇൗ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാണ് ബസുകൾ കയറുന്നത്. വാഹനം ഇടിച്ച സമയത്തേക്കാളും അപകട ഭീതിയാണ് ഇപ്പോൾ. മുകളിലെ കോൺക്രീറ്റ് പിളർന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്നു. കോൺക്രീറ്റ് പൊളിഞ്ഞുള്ള കൂർത്ത കമ്പികളും തലയ്ക്ക് നേരെയുണ്ട്. ഏതു നിമിഷവും അത്യാഹിതം സംഭവിക്കാമെന്ന നില. റോഡിന് ഇരുവശവും സ്‌കൂൾ കെട്ടിടങ്ങളാണ്. മഴ പെയ്യുമ്പോൾ കോൺക്രീറ്റിന്റെ ഭാഗങ്ങൾ അടർന്നുവീഴും. മുപ്പത് വർഷം മുൻപ് പി.കെ.പ്രഭാകരൻ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് നിർമ്മിച്ചതാണ്. കാത്തിരിപ്പുകേന്ദ്രം തകർത്ത വാഹനം കണ്ടെത്താനായില്ല. ജെ.സി.ബി പോലുള്ള വലിയ വാഹനങ്ങൾ ഇടിച്ചതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.
കാത്തിരിപ്പ് പുരയില്ല, കടത്തിണ്ണതന്നെ ആശ്രയം
പന്തളം : സ്‌കൂളുകളും കോളേജുകളും തുറക്കുന്നതോടെ വിദ്യാർത്ഥികളിലേറെയും പൊതുഗതാഗതത്തെ ആശ്രയിച്ചാകും യാത്ര ചെയ്യുക. സ്കൂളുകളും ട്രെയിനിംഗ് കോളേജുകളും പോളിടെക്നിക്കും ആയുർവേദ മെഡിക്കൽ കോളേജും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പന്തളത്തുണ്ട്. ഇവിടെ എത്തുന്നവരും മറ്റു സ്ഥലങ്ങളിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിനംപ്രതി പോകുന്നവരും ഏറെയാണ്. എന്നാൽ പന്തളത്ത് എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. എം.സി റോഡിൽ ജംഗ്ഷന് തെക്ക് ഭാഗത്ത് എൻ.എസ്.എസ് സ്‌കൂളിന് മുൻവശത്ത് കാത്തിരിപ്പ് കേന്ദ്രം ഉള്ളത് ഒഴിച്ചാൽ ചെങ്ങന്നൂർ, മാവേലിക്കര, പത്തനംതിട്ട റോഡുകളിലൊന്നും കാത്തിരിപ്പ് കേന്ദ്രം ഇല്ല. മഴയും വെയിലും ഏൽക്കാതെ നിൽക്കണമെങ്കിൽ കടത്തിണ്ണയാണ് ആശ്രയം. സ്വകാര്യ ബസ് സ്റ്റേഷനിലും കെ.എസ്. ആർ.ടി.സി ബസ് സ്റ്റേഷനിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും പരിമിതമായ സ്ഥലമേയുള്ളു.