
തിരുവല്ല : നിരവധി സ്‌കൂളുകൾ പ്രവർത്തിക്കുന്ന തിരുമൂലപുരത്ത് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ എം.സി റോഡിലെ തിരുമൂലപുരം ജംഗ്‌ഷനിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒന്നുമില്ല. എസ്.എൻ.വി.എസ് സ്‌കൂൾ, ബാലികാമഠം സ്‌കൂൾ, സെന്റ് തോമസ് സ്‌കൂൾ, തിരുമൂലവിലാസം സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളെല്ലാം പ്രവർത്തിക്കുന്നത് തിരുമൂലപുരം ജംഗ്‌ഷന് സമീപത്താണ്. സ്‌കൂൾ തുറക്കുന്നതോടെ നൂറുകണക്കിന് കുട്ടികളാണ് ഇവിടെ വന്നുപോകുന്നത്. വാഹനങ്ങൾ ചീറിപ്പായുന്ന എം.സി റോഡിലെ വളവിനൊപ്പം കയറ്റവുമുള്ള സ്ഥലമാണ് തിരുമൂലപുരം ജംഗ്‌ഷൻ. കറ്റോട് ഭാഗത്തേക്കുള്ള വഴിയും ഇവിടെ നിന്നാണ് തുടങ്ങുന്നത്. ചെറിയ രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നൂറുകണക്കിന് കുട്ടികളാണ് വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും യാത്ര ചെയ്യുന്നത്. ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുകയാണ്. സീബ്രാലൈൻ ഉണ്ടെങ്കിലും പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ റോഡ് കുറുകെ കടക്കുകയെന്നത് അതീവ ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു.