
അടൂർ : പുതിയ അദ്ധ്യയനവർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയിൽ തുടരുമ്പോഴും അടൂർ ഗവ.ഗേൾസ് സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല. ഒരു വർഷം മുമ്പ് ഇടിഞ്ഞ കിണർ പുനർനിർമ്മിക്കാത്തതാണ് കുടിവെള്ളം മുട്ടിക്കുന്നത്.
കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ച നിലയിലാണ്. കിണറ്റിലേക്ക് കാട് വളർന്നിറങ്ങിയിരിക്കുന്നു. സംരക്ഷണഭിത്തി തകർന്നതിനാൽ തറനിരപ്പായി കിടക്കുന്ന കിണറ്റിലേക്ക് മഴക്കാലത്ത് ചെളിവെള്ളം ഒഴുകിയിറങ്ങുകയാണ്. കൊവിഡിന് ശേഷം കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നപ്പോൾ കുട്ടികൾ വെള്ളമില്ലാതെ ഏറെ ബുദ്ധിമുട്ടി.
സ്കൂളിന് പുറത്ത് റോഡരുകിലെ പൊതുടാപ്പായിരുന്നു അന്ന് ആശ്രയം. കുട്ടികൾ ഇറങ്ങി വെള്ളം ശേഖരിക്കുകയായിരുന്നു. തകർന്ന കിണറിനോട് ചേർന്ന ഭാഗം വലിയ കാടായതിനാലും ആൾമറയില്ലാത്തതിനാലും കിണറ്റിൽ വീണുള്ള അപകടത്തിന് സാദ്ധ്യതയേറെയാണ്.
ഗേൾസ് സ്കൂളിൽ കിണർ പുനർനിർമ്മാണത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കരാർ നടപടികളിലുണ്ടായ കാലതാമസമാണ് പണി വൈകാൻ കാരണം. കിണർ ഉടൻ വൃത്തിയാകും.
ശ്രീനാദേവി കുഞ്ഞമ്മ.
ജില്ലാ പഞ്ചായത്തംഗം