ചെങ്ങന്നൂർ: ബസില്ലാത്തത് മൂലം ആലാ, ചെറിയനാട് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ വലയുന്നു. ഇവിടെയുള്ള വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ആവശ്യം.

ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ്, നെടുവരംകോട് എസ്.എൻ.ഡി.പി യു.പി സ്കൂൾ, ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ, ചെറിയനാട് ശ്രീവിജയേശ്വരി ഹൈസ്കൂൾ, ആല ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചെറിയനാട് സീനിയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവ രണ്ടുപഞ്ചായത്തുകളിലായുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിൽ രാവിലെ 9.30നും കോളേജിൽ 10നുമാണ് ക്ലാസ് ആരംഭിക്കുന്നത്. പക്ഷേ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും കൃത്യ സമയമെത്താൻ ഇൗ നേരത്ത് ബസില്ല.

മുൻ എം.എൽ.എ അഡ്വ. കെ. കെ രാമചന്ദ്രന്റെ കാലത്ത് ഗ്രാമീണ മേഖലയിലെ ഗതാഗത ക്ലേശത്തിന് പരിഹാരമായി ഗ്രാമീണ ബസ് റൂട്ടുകൾ ആരംഭിച്ചിരുന്നു. അക്കാലത്ത് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാവിലെ 8.30ന് ചെറിയനാട് വഴി മാവേലിക്കരയ്ക്കും വൈകിട്ട് 3.30ന് മാവേലിക്കരയിൽ നിന്ന് തിരിച്ചും ട്രാൻസ് പോർട്ട് ബസുകൾ സർവീസ് നടത്തിയിരുന്നു. പിന്നീട് പതിനായിരം രൂപയിൽ താഴെ കളക്ഷനുളള ബസ് സർവീസുകൾ നിറുത്തണമെന്ന നിർദ്ദേശം നടപ്പായതോടെയാണ് യാത്ര ദുരിതപൂർണമായത്.

നടക്കണം 4 കിലോമീറ്റർ

പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ പത്തനംതിട്ട ജില്ലയിലെ മിക്കവിദ്യാർത്ഥികളും ചെങ്ങന്നൂരിലും കായംകുളം ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ മാവേലിക്കരയിലുമെത്തി കെ.എസ്.ആർ.ടി.സി ബസിലാണ് കേളേജിലേക്കും സ്കൂളിലേക്കും എത്തിയിരുന്നത്. ബസ് സർവീസ് നിറുത്തലാക്കിയതോടെ മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ ചെറിയനാട് ജംഗ്ഷനിൽ ഇറിങ്ങി മൂന്ന് കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്നുള്ളവർ മഠത്തുംപടി ജംഗ്ഷനിലിറങ്ങി നാലുകിലോമീറ്ററും നടന്നാണ് ചെറിയനാട് എസ്.എൻ ട്രസ്റ്റ് സ്കൂളിലും കോളേജിലും എത്തുന്നത്.