school
വാ പി​ളർന്ന് : പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ കാൽനടപ്പാതയിലെ ഓടയുടെ സ്ലാബ് തകർന്ന നിലയിൽ. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ ബസ് കയറാൻ എത്തുന്നത്

പത്തനംതിട്ട : സ്കൂളുകളെല്ലാം പുതിയ അദ്ധ്യയനത്തിനായുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ സ്കൂളിന് പുറത്ത് തയ്യാറെടുപ്പുകൾ ഒന്നുമില്ല. സ്കൂളിന് സമീപം വാഹനങ്ങൾ വേഗതകുറച്ച് പോകണമെന്ന സൈൻ ബോർഡ് ജില്ലയിൽ ഭൂരിഭാഗം റോഡുകളിലുമില്ല. പ്രധാന റോഡുകളിലെല്ലാം പി.ഡബ്യൂ.ഡി അധികൃതർക്കാണ് സൈൻ ബോർ‌ഡുകൾ സ്ഥാപിക്കാനുള്ള ചുമതല. നഗരസഭാപരിധിയിലുള്ള റോഡുകളിൽ നഗരസഭയായിരിക്കും സൈൻ ബോർഡുകൾ സ്ഥാപിക്കുക.

സമീപം സ്കൂളുകളുണ്ട് വാഹനങ്ങൾ പതുക്കെ പോകണമെന്ന് ബോർഡുകളുള്ളയിടത്ത് ചീറിപാഞ്ഞാണ് വാഹനങ്ങളുടെ യാത്ര. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കും. ഓമല്ലൂർ ഗവ. ഹയർസെക്കൻ‌ഡറി സ്കൂളിന് സമീപമുള്ള സൈൻ ബോർഡ് തകർന്ന് കിടക്കുകയാണ്. ഈ ബോർഡിന് മുമ്പിൽ കൂടിയാണ് ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരും കടന്നുപോകുന്നത്. ഇത് എടുത്തുമാറ്റി പുതിയ ബോർഡ് സ്ഥാപിക്കേണ്ടതാണ്. എന്നാൽ മാസങ്ങളായി തകർന്ന ബോർഡ് ഇവിടെ കിടക്കുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കാട് കയറി ഓടകൾ

ഓമല്ലൂർ ഗവ. ഹയർസെക്കൻ‌ഡറി സ്കൂളിന്റെ രണ്ടാംഗേറ്റിന് സമീപം ഓടകൾ കാട് മൂടി കിടക്കുകയാണ്. ഈ കാട് സ്കൂളിനുള്ളിലേക്കും കടന്നിട്ടുണ്ട്. ഓട വൃത്തിയാക്കിയില്ലെങ്കിൽ മലിന ജലം പുറത്തേക്ക് ഒഴുകും. സ്കൂൾ തുറക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ജോലികൾ പൂർത്തിയാക്കമെന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല.