തിരുവല്ല: മഞ്ഞാടിയിൽ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളുടെ സൈക്കിളിൽ ഇടിച്ചത് ചോദ്യം ചെയ്ത കുട്ടികൾക്ക് മർദ്ദനം. മഞ്ഞാടി ആലംചേരിൽ വീട്ടിൽ വർഗീസിന്റെ മകൻ എഡ്വിൻ വർഗീസ് (16), സുഹൃത്ത് എബിൻ കെ ഏബ്രഹാം (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. മഞ്ഞാടി - ആമല്ലൂർ റോഡിൽ ഇന്നലെ വൈകിട്ട് ആറി നാണ് സംഭവം. KL 17 സി 872 രജിസ്റ്റർ നമ്പരിലുള്ള ഹീറോ ഹോണ്ടാ സ്പ്ലെന്റർ ബൈക്കിലെത്തിയ യുവാവാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ടി.കെറോഡിലെ മഞ്ഞാടിയിൽ നിന്ന് ആമല്ലൂരിലേക്ക് പോവുകയായിരുന്ന കുട്ടികൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ എതിർദിശയിൽ നിന്നെത്തിയ ബൈക്ക് ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ കുട്ടികൾ ബൈക്ക് യാത്രികനോട് തർക്കിച്ചു. ഇതിനിടെ ബൈക്ക് യാത്രികൻ കുട്ടികളെ മർദ്ദിക്കുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടുന്നത് കണ്ട് ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ എഡ്വിൻ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.