road
നിരണം തുണ്ടിയിൽപടി - കടുവൻ കുഴി -വില്ലേജ് ഓഫീസ് റോഡിലെ വഴിമുടക്കിയായ വൈദ്യുതപോസ്റ്റ്

തിരുവല്ല: യാത്രക്കാരുടെ വഴിമുടക്കിയായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് അധികൃതർ ഇടപെട്ട് മാറ്റി തരണമെന്ന നിരണം പഞ്ചായത്തിലെ ഏഴാം വാർഡിലെ നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഇവിടുത്തെ തുണ്ടിയിൽപ്പടി - കടുവൻകുഴി - വില്ലേജ് ഓഫീസ് പടി റോഡിന് നടുവിലായി യാത്രമുടക്കുന്ന വില്ലനായി ഈ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിട്ട് ഏറെക്കാലമായി. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അത്യാവശ്യം വീതി ഈ റോഡിനുണ്ട്. എന്നാൽ പറഞ്ഞിട്ടെന്താ കാര്യം, പോസ്റ്റ് കാരണം വലിയ വാഹനങ്ങൾ കടന്നുപോകില്ല. ഈ റോഡ് കോൺക്രീറ്റ് ചെയ്ത് മെച്ചപ്പെടുത്തിയതോടെ പോസ്റ്റിന്റെ ചുറ്റുപാടും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുകയാണ്. ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ കടത്തിവിടാതെ വില്ലനായി പോസ്റ്റ് നിൽക്കുന്നതിനാൽ സമീപവാസികൾ തലച്ചുമടായാണ് നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ കൊണ്ടുപോകുന്നത്. ഇവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ എസ്.ബി.ഐ പടി - തോട്ടുമട റോഡിലെ തുണ്ടിയിൽപടിയിൽ സാധനങ്ങൾ ഇറക്കി ചുമന്ന് കൊണ്ടോ ചെറിയ വാഹനങ്ങളിലോ കൊണ്ടുപോകണം. നാളേറെയായി ദുരിതം സഹിച്ച് കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ. പോസ്റ്റ് മാറ്റിയിടാൻ ഇവിടെ സ്ഥലമുണ്ട്. റോഡരികിലേക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കാനായി കെ.എസ്.ഇ.ബി അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

............................

യാത്രക്കാർക്ക് ബുദ്ധിമുട്ടായി നിൽക്കുന്ന പോസ്റ്റ് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

കെ.എസ്.ഇ.ബി

കടപ്ര സെക്ഷൻ അധികൃതർ)

.സമീപവാസികൾ തലച്ചുമടായാണ് നിർമ്മാണ സാമഗ്രികൾ

ഉൾപ്പെടെ കൊണ്ടുപോകുന്നത്

. വലിയ വാഹനങ്ങൾ കടന്നു പോകില്ല