പത്തനംതിട്ട : കുടുംബശ്രീയും കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോർട്ടിംഗും വിതരണവും ഏപ്രിൽ മാസത്തിൽ ആരംഭിച്ചതായി ജില്ലാ മിഷൻ കോർഡിനേറ്റർ പറഞ്ഞു. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങൾ അതാത് സ്‌കൂളുകളിലെ അദ്ധ്യാപകർ കൈപ്പറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നു. സർക്കാർ, എയ്ഡഡ്‌ സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അദ്ധ്യയന വർഷം വിതരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ അൺ എയ്ഡഡ്‌ സ്‌കൂളുകളിലേക്കും ആവശ്യാനുസരണം പാഠപുസ്തകങ്ങൾ നൽകിവരുന്നു. നാളിതുവരെ 5,58,920 പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. 30നകം ജില്ലയിൽ പാഠപുസ്തകവിതരണം പൂർത്തിയാകും.