പത്തനംതിട്ട: കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകാനുള്ള സർക്കാർ തീരുമാനം കർഷകർക്ക് ആശ്വാസമായി. ജില്ലയിൽ മലയോര മേഖലയിലെ ജനങ്ങളാണ് കാട്ടുപന്നികളുടെ ഉപദ്രവം വലിയ തോതിൽ നേരിട്ടത്. ഇപ്പോൾ പടിഞ്ഞാറൻ മേഖലയിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ആളുകളെ ആക്രമിച്ചും കൃഷികൾ വലിയ തോതിൽ നശിപ്പിച്ചും പന്നികൾ പ്രതിസന്ധിയുണ്ടാക്കിയപ്പോൾ കർഷകർ നിവേദനങ്ങളുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ആശ്രയിച്ചിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവികളായ പ്രഖ്യാപിച്ച് നശിപ്പിക്കണമെന്ന് നിരന്തര ആവശ്യമുയർന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വനം വന്യജീവി സംരക്ഷണ നിയമം ഉപയോഗിച്ച് കാട്ടുപന്നികളെ സംരക്ഷിക്കണമെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. പന്നിശല്യം നിയന്ത്രിക്കാനാവാത്ത വിധം രൂക്ഷമായപ്പോൾ വനംവകുപ്പിന്റെ അനുമതിയോടെ ലൈൻസുള്ള തോക്കുപയോഗിച്ച് ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നൂലാമാലകൾ കർഷകർക്ക് വിനയാവുകയായിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവികളായ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഇക്കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ തളളിയിരുന്നു. നിരാശരായ കർഷകർ കാട്ടുപന്നികൾ കാരണം കൂടുതൽ കെടുതികൾ നേരിടുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസ തീരുമാനം ഇന്നലെയുണ്ടായത്.
ഇങ്ങനെ കൊല്ലാൻ പാടില്ല
വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാൻ പാടില്ല. ഇതര മാർഗങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ശാസ്ത്രീയവും പ്രായോഗികവുമായ നിബന്ധനകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
.....................
'' കാട്ടുപന്നി ശല്യം ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചിരുന്നു. മലയോര മേഖലയുടെ കാർഷിക അഭിവൃദ്ധിക്ക് തീരുമാനം കാരണമാകും. നിരവധി ആളുകൾക്ക് അപകടങ്ങളും ചിലർക്ക് ജീവഹാനിയും പന്നി ശല്യം മൂലം ഉണ്ടായിട്ടുണ്ട്. സർക്കാരിന്റെ ചരിത്രപരമായ തീരുമാനത്തിൽ മലയോര ജനത ആഹ്ലാദത്തിലാണ്.
കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)
...................