കോന്നി: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കരിക്കുടുക്കയിൽ മഴപെയ്തില്ലെങ്കിൽ വെള്ളമില്ല. പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഉയർന്ന പ്രദേശമാണിത്. കരിക്കുടുക്കയ്ക്ക് താഴെയുള്ള മുറിഞ്ഞകല്ലിൽ പോലും വേനൽക്കാലത്ത് കനാലിൽ വെള്ളമില്ലെങ്കിൽ കിണറുകളിൽ വെള്ളം ലഭിക്കില്ല. കരിക്കുടുക്ക മേഖലയിൽ പൈപ്പ് വെള്ളമില്ല. വേനൽക്കാലത്ത് പിക് അപ്പ് വാനുകളിലെത്തിക്കുന്ന വെള്ളം വിലകൊടുത്താണ് വാങ്ങുന്നത്. ജനുവരി മുതൽ അഞ്ചു മാസം കരിക്കുടുക്കയിലെ ഒരു കിണറുകളിലും വെള്ളമില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താഴ്ന്ന പ്രദേശമായ മുറിഞ്ഞകല്ലിൽ കിണർ കുഴിച്ച് കരിക്കുടുക്കയിൽ ടാങ്ക് പണിത് വെള്ളം പമ്പ് ചെയ്താൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും