പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികളെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ ഗതാഗതക്കുരുക്ക്. പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തിന് മുന്നിലാണ് ഇപ്പോൾ പൈലിംഗ് നടക്കുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് കയറിയിറങ്ങാനുള്ള സ്ഥലം റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഇടുങ്ങിപ്പോയതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. എതിർവശത്ത് റോഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും സ്ഥലപരിമിതിയുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി റോഡിൽ നിന്നും അബാൻ ജംഗ്ഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന റോഡിലാണ് പൈലിംഗ് പുരോഗമിക്കുന്നത്. പൈലിംഗിന്റെ തൂണുകളും നിർമ്മാണ സാമഗ്രികളും റോഡിലാണ് കിടക്കുന്നത്. ഇവിടെ നിന്ന് റിംഗ് റോഡിൽ എസ്.പി ഒാഫീസ് ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ നിന്ന് മുത്തൂറ്റ് ആശുപത്രിക്ക് സമീപം വരെയാണ് മേൽപ്പാല നിർമ്മാണം.