ചെങ്ങന്നൂർ: കഴിഞ്ഞ 13ന് ചെറിയനാട് റെയിൽവേ സ്റ്റേഷനു സമീപം ഇരുപതുകാരൻ ട്രെയിൻ തട്ടിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്. ചെറിയനാട് പാലനിൽക്കുംതറയിൽ പി.ആർ. പ്രസാദാണ് മകൻ ആകാശ് പ്രസാദിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ചിലരെ സംശയമുള്ളതായി കാട്ടി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. 12ന് ഉച്ച മുതൽ ആകാശിനൊപ്പമുണ്ടായിരുന്ന നാലുപേർ ചേർന്ന് മകനെ മർദ്ദിച്ചതായും മരണം സംഭവിക്കുന്നതിന് അര മണിക്കൂർ മുൻപുവരെ ഇവർ ഒന്നിച്ചുണ്ടായിരുന്നത് കണ്ടവരുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പരാമർശിച്ചിരിക്കുന്നവരിൽ ചിലർ ഇപ്പോൾ ഒളിവിലാണ്. ആകാശിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പരാമർശിച്ചിരുന്നവരെ ചോദ്യം ചെയ്തതായും ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ അടക്കം മൊഴിയെടുത്തിരുന്നതായും ചെങ്ങന്നൂർ ഇൻസ്‌പെക്ടർ ജോസ് മാത്യു പറഞ്ഞു.