പത്തനംതിട്ട: നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് നിരവധി സ്ഥാപനങ്ങളെയും വ്യാപാരികളെയും വലച്ചു. ജനറൽ ആശുപത്രി റോഡിലാണ് ഇന്നലെ രാവിലെ മുതൽ വൈദ്യുതി മുടങ്ങിയത്. മിക്ക ദിവസങ്ങളിലും വൈദ്യുതി തകരാറുള്ള മേഖലയാണിത്. ഇന്നലെ രാവിലെ മുതൽ അറ്റപ്പണികളെന്ന പേരിൽ വൈദ്യുതി മുടങ്ങി. ബാങ്കുകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, സ്വകാര്യ ലാബുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്ന മേഖലയാണിത്. യാതൊരു മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. ഇടയ്ക്ക് വൈദ്യുതി വന്നെങ്കിലും വോൾട്ടേജ് ഉണ്ടായില്ല. ഏറെനാളുകളായി വൈദ്യുതി മുടങ്ങുന്ന പ്രദേശമായിട്ടും ശാശ്വത പരിഹാരം കണ്ടെത്താൻ കെ.എസ്.ഇ.ബി അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തകരാറു കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി തടസപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.