പന്തളം: എവറസ്റ്റിൽ പന്തളത്തുകാരൻ സ്ഥാപിച്ചത് 30 അടി നീളവും 20 അടി വീതിയുമുള്ള കൂറ്റൻ ദേശീയ പതാക. ഒരു രാജ്യത്തിന്റെ ഇത്രയും വലിപ്പമുള്ള ദേശീയ പതാക എവറസ്റ്റിൽ സ്ഥാപിക്കുന്നത് ആദ്യമായാണെന്ന് നാട്ടിൽ തിരിച്ചെത്തിയ പുഴിക്കാട് കുട്ടംവെട്ടിൽ ദാറുസലാമിൽ ഷെയ്ഖ് ഹസ്സൻ ഖാൻ (35) പറയുന്നു. മലകയറിയ 17അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു ഷെയ്ഖ്. ഇന്ത്യക്കാരായ രണ്ടുപേർ രോഗം ബാധിച്ച് പാതിവഴിയിൽ പിൻമാറി. ചൈന, യു.എസ്, യു.കെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്രുള്ളവർ. ഏഷ്യൻ ട്രക്കിംഗ് എന്ന കമ്പനിയുടെ ഭാഗമായാണ് ഇവർ ഒന്നിച്ചത്. നെറുകയിലെത്താനായത് ഏഴുപേർക്കു മാത്രം. ക്യാമ്പ് രണ്ടിലെത്തിയപ്പോൾ ഷെയ്ഖ് ഹസ്സന് ന്യൂമോണിയയ്ക്ക് സമാനമായ കടുത്ത ചുമ ബാധിച്ചു. കഫത്തിൽ രക്തം കണ്ടതോടെ തിരിച്ചിറങ്ങി.
3440 അടിയിലുള്ള നാംചേ ബസാറിൽ അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും കയറിയത്. ആരോഗ്യപ്രശ്നങ്ങൾ പലതുണ്ടായെങ്കിലും അത്മവിശ്വാസം കൊണ്ട് അതിജീവിച്ചു. ഒരു ഘട്ടത്തിൽ ജീവൻ പോകുമെന്ന അവസ്ഥയിലായിരുന്നു. ഒരു ചുവടുവയ്ക്കാൻ മൂന്നുതവണ ശ്വാസമെടുക്കേണ്ടി വന്നു. 14ന് രാത്രി ഒന്നരയോടെ ഓക്‌സിജനും തീർന്നു. 15 മിനിറ്റോളം 70 ഡിഗ്രി ചെരിവുള്ള മഞ്ഞുമലയിൽ പിടിച്ചിരുന്ന ശേഷമാണ് ഒാക്സിജൻ ലഭിച്ചത്. അന്നുതന്നെ നെറുകയുടെ തൊട്ടുതാഴെ 26,000 അടി ഉയരത്തിലുള്ള നാലാം ബേസ് ക്യാമ്പിലെത്തി. അവിടെയാണ് പതാക സ്ഥാപിച്ചത്. പിറ്റേന്ന് രാവിലെ പർവതത്തിന്റെ നെറുകയിലെത്തി പതാക ഉയർത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസ്സമായി.
കിളിമഞ്ജാരോ, ബി.സി. റോയ് കൊടുമുടികൾ കയറിയ ശേഷമാണ് എവറസ്റ്റ് കീഴടക്കിയത്. കുട്ടിക്കാലം മുതൽ സാഹസികത ഇഷ്ടപ്പെട്ടിരുന്ന ഷെയ്ഖ് അവധിക്കാലങ്ങളിൽ മലകയറ്റവും ട്രക്കിംഗും പതിവാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി ഷെയ്ഖ് ഹസ്സൻ വീട്ടിലെത്തിയപ്പോൾ മാത്രമാണ് മാതാവ് ഷാഹിദയുടെയും ഭാര്യ ഖദീജ റാണിയുടെയും ആശങ്ക അവസാനിച്ചത്. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സീനിയർ ഗ്രേഡ് അസിസ്റ്റന്റാണ് ഷെയ്ഖ് ഹസ്സൻ. മകൾ: ജഹനാര മറിയം.