തിരുവല്ല: ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇടിഞ്ഞില്ലം - നാലുകോടി റോഡിലൂടെയുള്ള യാത്ര ദുരിതമായി. പെരിങ്ങര പഞ്ചായത്ത് അഞ്ചാം വാർഡിനെയും പായിപ്പാട് പഞ്ചായത്തിന്റെയും ബന്ധിപ്പിക്കുന്ന റോഡാണിത്. എം.സി.റോഡിലെ ഇടിഞ്ഞില്ലത്ത് നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കഭാഗത്ത് വെള്ളക്കെട്ടും റോഡിന്റെ തകർച്ചയും യാത്രക്കാർക്ക് കെണിയായിരിക്കുകയാണ്. എം.സി.റോഡ് ഉയർന്നതോടെ വെള്ളക്കെട്ട് ഒഴിയാത്ത സ്ഥിതിയാണ്. ഇടയ്ക്ക് കുറച്ചുഭാഗത്ത് ഓട നിർമ്മിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുകാരണം റോഡിലെ വെള്ളക്കെട്ട് ഒഴിയാറില്ല. മഴക്കാലം തുടങ്ങിയതോടെ റോഡിന്റെ പലഭാഗത്തും കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ മഴവെള്ളം വറ്റി ഒഴിയണം. അതുവരെയും നാട്ടുകാർ ചെളിവെള്ളം സഹിക്കണം. റോഡിലൂടെ പൈപ്പ്‌ലൈൻ വലിച്ചതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. നാലുകോടിക്കും എം.സി.റോഡിൽ കാണിക്കമണ്ഡപം ഭാഗത്തേക്കും റോഡ് രണ്ടായി തിരിഞ്ഞാണ് പോകുന്നത്. ഈഭാഗത്ത് ജനവാസകേന്ദ്രമായതിനാൽ ദിവസവും നൂറുകണക്കിന് ആളുകളാണ് തകർച്ചയിലായ റോഡിനെ ആശ്രയിക്കുന്നത്.
പാലവും യാത്രക്കാർക്ക് ഭീഷണി
റോഡിന്റെ തകർച്ചയ്‌ക്കൊപ്പം നാലുകോടി ഭാഗത്തേക്കുള്ള പാലവും യാത്രക്കാർക്ക് ഭീഷണിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലം ബലക്ഷയമായതിനാൽ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ട് ഏറെക്കാലമായി. പുതിയ പാലം നിർമ്മിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റോഡിന്റെയും പാലത്തിന്റെയും തകർച്ച നാട്ടുകാരെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
................................
റോഡിന്റെ തകർച്ച അടിയന്തിരമായി പരിഹരിക്കണം
ബാബു, ഇടിഞ്ഞില്ലം