പത്തനംതിട്ട: ഓമല്ലൂരിൽ മീൻകട കുത്തിത്തുറന്ന് മീൻ മോഷ്ടിച്ചു. ഓമല്ലൂർ മാർക്കറ്റിനോട് ചേർന്ന് മീൻവ്യാപാരം നടത്തുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജിയുടെ മീൻകടയിലാണ് വ്യാഴാഴിച്ച രാത്രി മോഷണം നടന്നത്. ഇന്നലെ രാവിലെ കടഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് . കടയിൽ സൂക്ഷിച്ചിരുന്ന കൊഞ്ച്, മോത,കേര, വറ്റ, കിളിമീൻ തുടങ്ങി 50,000 ൽപ്പരം രൂപയുടെ മീനുകളാണ് മോഷ്ടിച്ചത്. സി.സി.ടി.വി പ്രവർത്തന രഹിതമാക്കിയതിന് ശേഷമായിരുന്നു മോഷണം. കടയുടെ സമീപത്ത് രണ്ടുപേർ ബൈക്കിൽ വന്ന് ചാക്കിലേക്ക്മീൻ എടുത്തുവെക്കുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരുടെ ദൃശ്യം വ്യക്തമായിട്ടില്ല. കടഉടമ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.