തിരുവല്ല: മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെ ആവശ്യങ്ങൾ ന്യായയുക്തമാണെന്നും മനുഷ്യത്വപരമായ നിലപാട് സർക്കാരും ദേവസ്വം ബോർഡും അംഗീകരിക്കണമെന്നും അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ദേവസ്വം ജീവനക്കാർ നിരാഹാര സമരം നടത്തിയപ്പോൾ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് അന്നത്തെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകിയെങ്കിലും ഇതുവരെയും നടപ്പാകാത്തതിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് നീലമന പ്രൊഫ.വി.ആർ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ക്ടാക്കോഡ് എസ്.രാധാകൃഷ്ണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എസ് ഗണപതി പോറ്റി, ജോ.സെക്രട്ടറി കൂടൽമന പി.വിഷ്ണു നമ്പൂതിരി, സംസ്ഥാന രജിസ്ട്രാർ വാളവക്കോട്ടില്ലം ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, സി.ആർ.ഒ കുന്തിരി കുളത്തില്ലം വാമനൻ നമ്പൂതിരി, പി.ആർ.ഒ ഒറ്റൂർ പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.