തിരുവല്ല: മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ വഴിയില്ലാതിരുന്ന കുടുംബത്തിന് ആശ്വാസമേകി വാർഡ് മെമ്പർ ഷൈനി ബിജുവിന്റെ നേതൃത്വത്തിൽ വഴി സഞ്ചാരയോഗ്യമാക്കി നൽകി. വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് വ്യാഴാഴ്ച മരിച്ച നിരണം മുളമൂട്ടിൽ എം.കെ ഏബ്രഹാമിന്റെ വീട്ടിലേക്കുള്ള വഴിയാണ് മാർഗതടസം സൃഷ്ടിച്ച് നിലനിന്നിരുന്ന മരങ്ങൾ വെട്ടിനീക്കി സഞ്ചാരയോഗ്യമാക്കിയത്. അയൽവാസിയായ മാലിപ്പുറത്ത് കെ.വി.വർഗീസും ഏബ്രാഹാമും തമ്മിൽ വഴിയെചൊല്ലി കഴിഞ്ഞ 20 വർഷക്കാലമായി കേസ് നിലനിന്നിരുന്നു.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ ഒരുവർഷം മുമ്പ് കോടതിയിൽ നിന്നും ഏബ്രഹാമിന് അനുകൂല വിധിയുണ്ടായി. ഇതിൻ പ്രകാരം ഏബ്രഹാമിന് മൂന്നേമുക്കാൽ അടി വഴി അനുവദിച്ച് കേസ് തീർപ്പായി. എന്നാൽ അനുവദിച്ച വഴിയിൽ മാർഗതടസം സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അയൽവാസിയായ വർഗീസ് തയാറായിരുന്നില്ല. ഇതുസംബന്ധിച്ച് ഇന്നലെ പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നലെ റോഡ് സഞ്ചാര യോഗ്യമാക്കിയത്. ഏബ്രഹാമിന്റെ സംസ്കാരം പിന്നിട് നടക്കും.