തിരുവല്ല : വെള്ളി ആഭരണങ്ങളും മൊബൈൽ ഫോണുകളുമായി കൊല്ലം അഷ്ടമുടി സ്വദേശിയായ മോഷ്ടാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. അഷ്ടമുടി കൈപ്പടയ്ക്കൽ വീട്ടിൽ അബ്ദുൾ സലാം (27) ആണ് പിടിയിലായത്. രാത്രികാല പോലീസ് പെട്രോളിങ്ങിനിടെ ഇന്നലെ പുലർച്ചെയോടെ മഞ്ഞാടി ജംഗ്ഷന് സമീപം സംശയാസ്പദമായ നിലയിൽ കണ്ട അബ്ദുൾ സലാമിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് വെള്ളി ആഭരണങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. ഫോണുകളിൽ ഒന്ന് മൂന്നാർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാഗർകോവിലിലെ ജൂവലറിയിൽ നിന്നാണ് വെളളി ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്.