കോന്നി: ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കോന്നി പത്തനാപുരം റോഡിലും, കോന്നി പത്തനംതിട്ട റോഡിലും, കോന്നി തണ്ണിത്തോട് റോഡിലും, കോന്നി ചന്ദനപ്പള്ളി റോഡിലും ദിവസവും രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. ടൗണിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ വാഹന ഉടമകളും കച്ചവടക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോന്നി ചന്ദനപ്പള്ളി റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ ആനക്കൂട് വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും വാഹനങ്ങളുടെ നീണ്ട നിരയാണ്. താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, എ.ഇ.ഒ. ഓഫീസ്, വാട്ടർ അതോറിട്ടി ഓഫീസ്, സബ് രജിസ്റ്റർ ഓഫീസ്, സബ് ട്രഷറി എന്നിവിടങ്ങളിലേക്ക് വരുന്നവർ ആനക്കൂട് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോന്നി തണ്ണിത്തോട് റോഡിൽ പി.ഡബ്ലിയു.ഡി ഓഫീസിനു മുൻപിൽ വരെ സ്വകാര്യ വാഹങ്ങളുടെ നീണ്ട നിരയാണ്. ഡി.വൈ.എസ്.പി ഓഫീസ്,പൊലീസ് സ്റ്റേഷൻ, വില്ലജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ കൊണ്ട് റോഡിന്റെ വശങ്ങൾ നിറയും. സമീപത്തെ അഗ്നിരക്ഷാ സ്റ്റേഷന്റെ പ്രവർത്തനത്തേയും വാഹനങ്ങളുടെ പാർക്കിംഗ് ബാധിക്കുന്നുണ്ട്. അത്യാവശ്യ സമയങ്ങളിൽ അഗ്നിരക്ഷാ സ്റ്റേഷനിൽ നിന്നും വലിയ വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ ഇതുമൂലം കഴിയാതെ വരുന്നു. നാരായണപുരം ചന്തയിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. പുതിയ കെ.എസ്. ആർ.ടി.സി ഡിപ്പോയുടെ കെട്ടിടം പണികൾ നടക്കുന്ന സ്ഥലത്തേക്കുള്ള റോഡിലും മുൻപ് വാഹങ്ങൾ പാർക്ക് ചെയ്തിരുന്നു. പുനലൂർ -മുവാറ്റുപുഴ റോഡിന്റെ വികസനത്തിന്റെ ഭാഗമായി ടൗണിൽ നടക്കുന്ന പണികൾക്കിടയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നു.
.........................................
ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
എം.എ. ബഷീർ
(പൊതു പ്രവർത്തകൻ)