30-sanal-nrgm

നാരങ്ങാനം: പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി ആറൻമുള പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
സ്‌കൂൾ, കോളേജ് പ്രതിനിധികളും പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളി പ്രതിനിധികളും മോട്ടോർ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറസ്ട്രി വിഭാഗവും പങ്കാളികളായി. ആറന്മുള പൊലീസും സ്‌കൂളുകളും തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ വേണ്ടിയുള്ള സ്‌കൂൾ സേഫ്റ്റി ഗ്രൂപ്പ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പ് പ്രവർത്തനം തുടങ്ങി. സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകും.
പ്രധാന റോഡുകളുടെ അരികിൽ സ്ഥിതിചെയ്യുന്ന സ്‌കൂളുകളുടെ മുമ്പിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കും. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത് വേഗത്തിലാക്കാൻ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനോട് അഭ്യർത്ഥിച്ചു.
ബസ് സ്റ്റോപ്പിലും പ്രൈവറ്റ് സ്റ്റാന്റിലും കാണപ്പെടുന്ന പൂവാല ശല്യത്തിനെതിരെ ശക്തമായ പൊലീസ് നടപടി ഉണ്ടാകും.
ജൂൺ ഒന്നുമുതൽ സ്‌കൂൾ സമയത്ത് യാത്രാനിയന്ത്രണം തെറ്റിക്കുന്ന ടിപ്പറുകൾ ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും.
എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ തുടങ്ങുന്നതിനും ഇതുവഴി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും തീരുമാനിച്ചു. ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ആറൻമുള ഇൻസ്പക്ടർ സി.കെ. മനോജ്, സബ് ഇൻസ്‌പെക്ടർ രാകേഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനിലേഷ് , ശ്രീരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.