പുതുശേരിമല: അപകടമുന്നറിയിപ്പ് സംവിധാനമില്ലാതെ പാലച്ചുവട്‌- നരിക്കുഴി റോഡിലെ ടാറിംഗ് കെണിയാകുന്നു. ഇന്നലെ പുലർച്ചെ 5ന് കൊല്ലൻപടിക്കു സമീപം കൂടത്തിനാൽ പടിയിലെ കുഴിയിൽ സ്‌കൂട്ടറിൽ നിന്ന് വീണ് പത്രം ഏജന്റിന് പരുക്കേറ്റു. പുതുശേരിമല കടയ്‌ക്കേത്ത് കെ.കെ.ഏബ്രഹാമിനാണ് (64) പരിക്കേറ്റത്. ഇടതു കാലിന് ഒടിവേറ്റ നിലയിൽ ഏബ്രഹാമിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്രവിതരണം ചെയ്യുന്നതിനിടെ റോഡിൽ വെട്ടിപ്പൊളിച്ചിട്ടിരുന്ന ടാറിംഗിൽ ചാടി സ്‌കൂട്ടർ മറിയുകയായിരുന്നു. ബി.എം ആൻഡ് ബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് പാലച്ചുവട് നരിക്കുഴി റോഡിലെ ടാറിംഗ് മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിടുകയാണ്. പലയിടത്തും ടാറിംഗ് മിശ്രിതം കൂട്ടിയിട്ടിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിൽ റിബൺ കെട്ടി അപകടമുന്നറിയിപ്പു നൽകുകയോ മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല. ഇതാണ് അപകടത്തിനിടയാക്കുന്നത്.