പന്തളം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് കിഫ്ബി ഫണ്ടിൽ നിന്നും മൂന്നുകോടി ചെലവിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും പൂഴിക്കാട് ഗവ.യു പി സ്‌കൂളിലേക്ക് 1 കോടി രൂപാ ചെലവിൽ പണിത ഇരുനില കെട്ടിടത്തിന്റെയും ഉദ്ഘാടനവും ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഇതോടനുബന്ധിച്ച് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ സുശീലാ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ.ചിറ്റയം ഗോപകുമാർ ശിലാഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ക്ലാസുമുറികളും ലാബുകളും പ്രിൻസിപ്പൽ റൂമും സ്റ്റാഫ് റൂമും ശുചിമുറികളും അടങ്ങിയതാണ് പുതിയ കെട്ടിടം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എണ്ണൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പൂഴിക്കാട് സ്‌കൂളിൽ നടക്കുന്ന ചടങ്ങിലും നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.