
കോഴഞ്ചേരി : വല്ലനയിലെ റോഡരികിൽ ആകെയുള്ള 78 സെന്റിൽ 28 സെന്റ് ഭൂമി ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്കായി വീട് വയ്ക്കാൻ നൽകി ഹനീഫയും കുടുംബവും മാതൃകയായി. സംസ്ഥാന സർക്കാരിന്റെ 'മനസോട് ഇത്തിരി മണ്ണ്'പദ്ധതിയിലേക്കാണ് ഹനീഫ പൂർണ മനസോടെ സ്വന്തം ഭൂമി നൽകിയത്.
വല്ലന ഗുരുമന്ദിരത്തിനു സമീപം പലചരക്ക്, സ്റ്റേഷനറിക്കട നടത്തി ഉപജീവനം നടത്തുന്ന കുടുംബമാണ് ഹനീഫയുടേത്. ഭാര്യ ജാസ്മിന് ഓഹരിയായി ലഭിച്ചത് 60 സെന്റ് ഭൂമിയാണ്. കൈയേറ്റവും റോഡ് വികസനവും മൂലം നിലവിൽ ഉള്ളത് 56 സെന്റ് ആണ്. ഈ വസ്തു വിറ്റുകിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ, അടുത്തിടെ വല്ലനയിൽ വാടക വീട്ടിൽ കഴിയവെ അന്തരിച്ച രണ്ടു പേരുടെ കുടുംബത്തിന് വീടുവയ്ക്കാൻ നാലു സെന്റ് വീതം ഭൂമി വിട്ടുനൽകിയ സമീപവാസികളായ സലീം റാവുത്തർ, സുരേഷ് മംഗലത്ത് എന്നിവരുടെ കാരുണ്യ പ്രവൃത്തിയാണ് ഹനീഫ മാതൃകയാക്കിയത്.
സമ്മത പത്രം ഏറ്റുവാങ്ങൽ ചടങ്ങിൽ ലൈഫ് മിഷൻ പ്രോഗ്രാം മാനേജർമാരായ എസ്. അജിത, ജെ. സജീന്ദ്രബാബു, കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, വൈസ് പ്രസിഡന്റ് എൻ.എസ്. കുമാർ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ വിനീത സോമൻ, പഞ്ചായത്തംഗങ്ങളായ സരൺ പി. ശശിധരൻ, വിൽസി ബാബു, ബിജു വർണശാല, ശ്രീനി ചാണ്ടിശേരി, രമാദേവി, ജോൺസി, കോഴഞ്ചേരി മീഡിയ ക്ലബ് പ്രസിഡന്റ് ബാബു തോമസ്, ജനറൽ സെക്രട്ടറി മുരളി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ലീനാ കമൽ തുടങ്ങിയവർ പങ്കെടുത്തു.