അടൂർ : പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംലാബീവിയെ (42) കൊലചെയ്ത് സ്വർണാഭരണങ്ങൾ കവർന്നെടുത്ത കേസിലെ പ്രതി പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ടയിൽ മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബ് (46) കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ സെഷൻസ്‌കോർട്ട് നമ്പർ 4 ജഡ്ജ് പി. പി. പൂജ കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
2013 മാർച്ച് 11 നാണ് കൊലപാതകം നടത്തിയത്. റംലാബീവിയുമായും ഭർത്താവുമായും മുൻപരിചയമുണ്ടായിരുന്ന പ്രതി രാവിലെ 11 മണിയോടെ പഴകുളത്തുള്ള വീട്ടിലെത്തി റംലാബീവിയോട് സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. ആഭരണം കൊടുക്കാൻ വിസമ്മതിപ്പോൾ കഴുത്തിൽ കത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നാണ് പ്രോസിക്യൂഷൻകേസ്. ആഭരണങ്ങൾ അന്നുതന്നെ കുമ്പഴയിലുള്ള കൊശമറ്റം ഫിനാൻസ്, പണിക്കന്റയ്യത്ത് ഫിനാൻസ് എന്നിവിടങ്ങളിൽ പ്രതി പണയം വച്ചു. അവശേഷിച്ചവ പ്രതിയുടെ പെട്ടി ഓട്ടോയിൽ സൂക്ഷിച്ചു. അന്നത്തെ അടൂർ സി. ഐ ആയിരുന്ന റ്റി. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്യുന്നത്. പണയം വച്ച സ്വർണഭരണങ്ങളും, പെട്ടി ഓട്ടോയിൽ ഒളിപ്പിച്ച സ്വർണാഭരണങ്ങളും, പ്രതിയുടെ ഭാര്യവീട്ടിൽ ഒളിപ്പിച്ചിരുന്ന ആയുധവും കണ്ടെടുത്തിരുന്നു. 44 സാക്ഷികളെ വിസ്തരിച്ചു. സർക്കാർ പ്രത്യേകം നിയോഗിച്ച സ്‌പെഷ്യൽപ്രോസിക്യൂട്ടർ അഡ്വ.എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ് നായർ, യദു കൃഷ്ണൻ, കെവിൻ ജയിംസ്, എം. എസ്. മാളവിക, അഭിജിത് കെ. ബി എന്നിവർ ഹാജരായി.കോർട്ട് ലെയ്സൺ ഓഫീസർ സബ് ഇൻസ്‌പെക്ടർ കെ. നകുലരാജും പ്രോസിക്യൂഷനെ സഹായിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്നകേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാനാണെന്ന് കണ്ടെത്തിയത്.