varattar
ആദിപമ്പയുടെ തീരമിടിച്ച് മണലൂറ്റ് നടത്തിയ നിലയിൽ

ചെങ്ങന്നൂർ : ആദിപമ്പ - വരട്ടാർ പുനരുജ്ജീവനത്തിനായി മണ്ണും മണലും നീക്കം ചെയ്യാൻ നൽകിയ കരാറിന്റെ കാലാവധി കഴിഞ്ഞ 20ന് അവസാനിച്ചപ്പോൾ പൂർത്തിയായത് 10 ശതമാനം പ്രവൃത്തികൾ മാത്രം. ഇടനാട് വഞ്ഞിപ്പോട്ടിൽ കടവിലെ പ്രവൃത്തികളിൽ മണൽനീക്കം മാത്രമാണ് നടക്കുന്നതെന്ന് ഇറിഗേഷൻവകുപ്പും വിലയിരുത്തിയിരുന്നു. 20ന് അവസാനിച്ചെങ്കിലും അതിനു മുൻപേ കാലാവധി നീട്ടിക്കിട്ടാൻ കരാറുകാരൻ അപേക്ഷ നൽകിയെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ വിശദീകരണം. വരട്ടാർ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പുഴയിലടിഞ്ഞുകൂടിയ മണ്ണും ചെളിയും എക്കലും പ്രളയാവശിഷ്ടങ്ങളും നീക്കംചെയ്യാനാണ് കരാർ നൽകിയത്. എന്നാൽ മണൽ മാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണ് സജീവമായി നടന്നതെന്നാണ് വ്യാപകമായ ആക്ഷേപം. കാലാവധി അവസാനിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിലും രാത്രി എട്ടുമണിക്ക് ശേഷവും ഇടനാട് ചേലൂർക്കടവിന്റെ ഭാഗത്ത് മണലൂറ്റ് നടന്നു.

നാട്ടുകാർക്ക് പ്രവേശനം നിഷേധിച്ചു
ആദ്യഘട്ടങ്ങളിൽ ജനങ്ങൾക്കുള്ള പ്രവേശനംപോലും നിഷേധിച്ചാണ് പണികൾ നടന്നുവന്നിരുന്നത്. അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിറുത്തി ഖനനംചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽ കടവിൽ മണൽ ഖനനമാണ് നടന്നത്. വെള്ളത്തിൽ നിന്നു മണൽ ഡ്രജ്ജ് ചെയ്ത് അരിച്ചുകൂട്ടിയിരുന്നു. പല തരത്തിൽ മണൽ വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും തീരത്തോടുചേർന്നു ചെറിയ കുളങ്ങളും നിർമ്മിച്ചിരുന്നു. വലിയ തോതിൽ ഇവിടെ നിന്ന് മണൽ കടത്തിയതായി നിരവധി പരാതിയുണ്ട്. പിന്നീട് തൈമറവുംകരയിൽ മണലൂറ്റാനുള്ള നീക്കം നാട്ടുകാരും പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരും ചേർന്നു തടഞ്ഞിരുന്നു.

വിൽപ്പന തകൃതി
ആദിപമ്പയിൽ നിന്ന് ശേഖരിച്ച മണൽ കുന്നേകാട് ക്ഷേത്രത്തിനു സമീപത്തെ യാർഡിലേക്കു മാറ്റാൻ നീക്കം നടത്തുന്നതായി ആരോപണമുണ്ട്. എന്നാൽ, പാസോടുകൂടിമാത്രമാണ് മണൽ നീക്കുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. രണ്ടു മാസമായി എം.സി റോഡിൽ കല്ലിശ്ശേരിക്കു സമീപം വരട്ടാറിൽ നിന്നെടുത്ത മണൽ ശേഖരിച്ചു വിൽപ്പന നടത്തുന്നുണ്ട്. ഇവിടെ കൂട്ടിയിട്ടിരുന്ന മണലിൽ 90 ശതമാനവും വിറ്റുപോയി.

കരാർ ലംഘനം : ഹൈക്കോടതി വാദം കേൾക്കും
വരട്ടാർ, ആദിപമ്പ നദികളിലെ മണ്ണും മണലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘനം തടയണമെന്ന് ഹൈക്കോടതി നിർദേശം നൽകി. കരാറുകാരന് ഇറിഗേഷൻ വകുപ്പ് നൽകിയ കത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇടനാട്ടിലെ ജനകീയ സമിതി കൂട്ടായ്മ ഹർജി നൽകിയിരുന്നു. കേസിൽ ജൂൺ മൂന്നിനു കോടതി വാദം കേൾക്കും.