ചെങ്ങന്നൂർ: ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് . വെണ്മണി പുന്തല കോളശേരിൽ വീട്ടിൽ കെ.എസ്.അനീഷ് കുമാർ (42)ന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവായ കെ രാധാകൃഷ്ണൻ കുറുപ്പ് ഉൾപ്പടെയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് 12ന് കാരക്കാട് വെട്ടിപീടിക കരിമ്പന പൊയ്ക ഭാഗത്താണ് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് . പ്രവാസിയായിരുന്ന അനീഷ് നാലുമാസം മുൻപ് മടങ്ങിയെത്തി ബംഗളൂരിലെ ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. മേയ് ഒന്നിന് ബന്ധുവിനെ ഫോണിൽ വിളിച്ചെങ്കിലും പിന്നീട് ഫോൺ ഓഫായിരുന്നു. ഭാര്യയുടെ പിതാവുമായി കുടുംബവഴക്കിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. നഴ്സായ ഭാര്യ യു.കെയിലാണ്, അനീഷ് യു.കെയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു, മരിച്ച ദിവസം തന്നെ ഇവർ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ നടന്നതും മരിച്ചുകിടന്ന സ്ഥലത്തുതന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി, ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.