പത്തനംതിട്ട : അതീജീവനത്തിന്റെ സ്കൂൾ ബെൽ ഇന്ന് മുതൽ മുഴങ്ങി തുടങ്ങും. മഹാമാരിക്ക് പിടികൊടുക്കാതെ കുരുന്നുകളുടെ അദ്ധ്യയനം ആരംഭിക്കുകയാണ്.
അക്ഷര തൊപ്പി അണിയിച്ചും ബലൂണുകൾ നൽകിയും മധുരം വിതരണം ചെയ്തുമാണ് പുതിയ കുട്ടികളെ സ്കൂൾ സ്വീകരിക്കുന്നത്. ആദ്യമായി സ്‌കൂളിലെത്തുന്നവരെ വരവേൽക്കാനുള്ള പ്രവേശനോത്സവം ആഘോഷമാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലാ,ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രവേശനോത്സവം നടത്തുന്നുണ്ട്. വിവിധ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിൽ കുരുന്നുകളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല പ്രവേശനോത്സവം ആറൻമുള ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10.15 ന് നടക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ വിശിഷ്ടാതിഥിയാകും.
പാട്ടും പറച്ചിലുമായി കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുരേഷ് സോമ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ബീനാറാണി, എസ്.എസ്.കെ ജില്ലാപ്രോജക്ട് കോഓർഡിനേറ്റർ ഡോ.ലെജു പി.തോമസ്, ആറൻമുള ഗവ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.ഹരികൃഷ്ണൻ, ആറന്മുള ഗവ. വി.എച്ച്.എസ്.എസ് എച്ച്.എം മിനു ജെ.പിള്ള തുടങ്ങിയവർ പങ്കെടുക്കും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസിൽ പ്രവേശനം നടക്കുകയാണ്. ഇതുവരെ 6000 ൽ അധികം കുട്ടികൾ പ്രവേശനം നേടി. പാഠപുസ്തകങ്ങൾ എല്ലാ സ്‌കൂളുകളിലും എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 11 ഉപജില്ലകളിൽ 123 സ്‌കൂളുകളാണ് പാഠപുസ്തക വിതരണത്തിന് സൊസൈറ്റികളായി പ്രവർത്തിക്കുന്നത്. മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള അഭിമുഖങ്ങൾ നടന്നു വരുന്നു. കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. ഒരുഡോസുപോലും എടുക്കാത്ത കുട്ടികളുമുണ്ട്. ഇവർക്കും ആദ്യ ഡോസ് എടുക്കുന്നതിനുള്ള നടപടികൾ ആയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴി വാക്‌സിനേഷൻ ഡ്രൈവ് ഉടൻ ആരംഭിക്കും. സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും നടന്നുവരികയാണ്.