അടൂർ : പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംലാബീവിയെ (42) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ടയിൽ മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബ് (46)ന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നമ്പർ 4 ജഡ്ജ് പി. പി. പൂജയാണ് ശിക്ഷവിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനും കവർച്ച നടത്തിയതിനും 7 വർഷം വീതം കഠിന തടവും 10,000 രൂപവീതം പിഴയും ഒടുക്കണം. ശിക്ഷാകാലാവധികൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രായമായ അമ്മയും ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് താനെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും പ്രതി പറഞ്ഞു.. 2013 മാർച്ച് 11 നാണ് മുൻപരിചയം ഉണ്ടായിരുന്ന പ്രതി റംലാബീവിയുടെ വീട്ടിൽ മറ്റാരുമില്ലാത്തപ്പോളെത്തി സ്വർണാഭരണങ്ങൾ കടമായി ആവശ്യപ്പെട്ടത്. വിസമ്മതിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നുകൊണ്ടുപോവുകയായിരുന്നു. സാഹചര്യ തെളിവുകളോ ദൃക്സാക്ഷികളോ ഇല്ലാത്ത കേസിൽ അടൂർ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിധികേൾക്കാൻ റംലാബീവിയുടെ ഭർത്താവ് യൂസഫും, മകനും കോടതിയിൽ എത്തിയിരുന്നു.