അടൂർ: അടൂർ ഹെഡ് പോസ്റ്റോഫീസിന് സമീപം ദിവസങ്ങളായി റോഡരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മയിൽ അഭയം. പൊതുപ്രവർത്തകരായ എസ്.ശ്രീകുമാർ, ജോർജ്ജ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അടൂർ പൊലീസിന്റെയും ആശുപത്രി അധികൃതരടെയും അഭ്യർത്ഥനയെ തുടർന്നാണ് മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുത്തത്. മഹാത്മ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്. ജോയി ജോസഫ് എന്നാണ് പേരു പറയുന്നത് . വയസ് പറയുന്നതിൽ അവ്യക്തതയുണ്ട്. കുമ്പഴ വടക്കാണ് വീടെന്നും ടെലിഫോൺ എക്‌സ്ചേഞ്ചിൽ താൽക്കാലിക ജോലിക്കാരനായിരുന്നെന്നും പറയുന്നു. അമ്മ തന്റെ വളരെ ചെറുപ്പത്തിലേ മരിച്ചുവെന്നും അച്ഛനും മൂന്ന് സഹോദരങ്ങളും ഉണ്ടെന്നും പറയുന്നുണ്ട്.