mil
കേരള ഫീഡ്‌സ് സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കുന്ന ചടങ്ങ് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കേരള ഫീഡ്‌സ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സാ ഉപകരണങ്ങൾ കൈമാറി. കടയ്ക്കൽ താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി ആശുപത്രി ഉപകരണങ്ങൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എസ്.ആർ പദ്ധതി റിപ്പോർട്ട് കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശ്രീകുമാർ അവതരിപ്പിച്ചു. 5,20,000 രൂപയുടെ ഉപകരണങ്ങളാണ് കേരള ഫീഡ്‌സ് ആശുപത്രിക്ക് കൈമാറിയത്. പാരലൽ ബാർ വിത്ത് മിറർ, ഷോൾഡർ വീൽ, ഓവർഹെഡ് ബുള്ളി, ട്രാക്ഷൻ ടേബിൾ വിത്ത് ട്രാക്ഷൻ യൂണിറ്റ്, അൾട്രാസൗണ്ട് യൂണിറ്റ്, ലേസർ, ആംഗിൾ എക്‌സർസൈസ്, സെക്ഷൻ അപ്പാരറ്റസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ , ജനപ്രതിനിധികളായ കെ.ഉഷ, സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, പ്രീജാ മുരളി തുടങ്ങിയവർ സംസാരിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ സ്വാഗതവും കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.ആശ ജെ.ബാബു നന്ദിയും പറഞ്ഞു.